
രാജകുമാരി: രാജാക്കാട് പന്നിയാർകൂട്ടിയിൽ വീടിൻ്റെ പൂട്ട് പൊളിച്ച് 8 ലക്ഷം രൂപ മോഷ്ടിച്ചതായി പരാതി.കഴിഞ്ഞ 19 ന് ഉച്ചകഴിഞ്ഞ് 2.30 നോടെയാണ് മോഷണം നടത്തിയത്.പന്നിയാർകൂട്ടി അമ്പലക്കുന്ന് ഭാഗത്ത് തെക്കേതിൽ സജീവിൻ്റെ വീടിന്റെ പിൻഭാഗത്ത് ഉള്ള ഇരുമ്പ് വാതിലിൻ്റെ താഴ് തകർത്തശേഷം അകത്തുള്ള തടി വാതിലിൻ്റെ പൂട്ട് തകർത്ത് അകത്തു കയറി മേശയ്ക്കുള്ളിൽ നിന്നും അലമാരയുടെ താക്കോൽ എടുത്ത് അലമാര തുറന്ന് പണം എടുത്തശേഷം തിരിച്ച് താക്കോൽ തിരികെ മേശയിൽ വച്ച ശേഷമാണ് പ്രതി പുറത്തുപോയത്.
വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിച്ചിരിക്കുന്ന വിവരം അറിയാവുന്ന പ്രതി ക്യാമറയുടെ ദിശമാറ്റി തിരിച്ചു വച്ച ശേഷമാണ് കൃത്യം നടത്തിയത്. വീടിനെക്കുറിച്ചും,ഇവിടെ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകളെ പറ്റിയും നല്ല നിശ്ചയമുള്ള ആളാകാം പ്രതി എന്നാണ് വീട്ടുടമ പറയുന്നത്. എൻ.ആർ സിറ്റിയിൽ ഏലത്തോട്ടം തൊഴിലാളിയായ ഭാര്യ സ്നേഹയെ വിളിക്കാൻ എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷം പന്നിയാർകൂട്ടിയ്ക്ക് ജീപ്പുമായി പോകുന്ന വിവരം വ്യക്തമായി അറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്ന് സംശയമുണ്ടെന്ന് സജീവ് പോലീസിനോട് പറഞ്ഞിരുന്നു.ബുധനാഴ്ച സജീവ് വീട്ടിൽ നിന്ന് പോയി 15 മിനിട്ടിനുള്ളിൽ പ്രതി മോഷണത്തിനായി പിൻ ഭാഗത്ത് കൂടി വീട്ടിലെത്തിയാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.സജീവും ഭാര്യയും മാത്രമാണ് ഇപ്പോൾ വീട്ടിൽ താമസിക്കുന്നത്.
മകൻ 2 വർഷമായി വിദേശത്ത് ജോലി ചെയ്യുകയാണ്.കേരള ബാങ്കിൽ കുടിശിഖയുള്ള വായ്പ തുക തിരിച്ച് അടയ്ക്കുവാനായി സ്വരൂപിച്ച് വച്ച തുകയാണ് പ്രതി മോഷ്ടിച്ചത്.പരാതിയെ തുടർന്ന് രാജാക്കാട് പോലീസ് ഇൻസ്പെക്ടർ വി.വിനോദ് കുമാർ,എസ്.ഐ സജി എൻ.പോൾ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളെ
കസ്റ്റഡിയിലെടുത്ത് മൊഴി രേഖപ്പെടുത്തി.ഇടുക്കിയിൽ നിന്ന് പോലീസ് നായയും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.പന്നിയാർകൂട്ടി മേഖലയിൽ അടുത്ത നാളുകളിലായി ഉണക്കാനിട്ടിരിക്കുന്ന കുരുമുളക് മോഷണമടക്കമുള്ള മോഷണങ്ങൾ നിരവധി നടന്നിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.




