തൊടുപുഴ: പാലായില്‍ നിന്നും തൊടുപുഴയിലേയ്ക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിക്കുന്നതായി പരാതി. ഇതു മൂലം പാലാ ഭാഗത്തു നിന്നും തൊടുപുഴയിലേയ്ക്ക് എത്തുന്ന യാത്രക്കാര്‍ക്ക് ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ എത്തണമെങ്കില്‍ വീണ്ടും പണം മുടക്കേണ്ട അവസ്ഥയാണ്. തൊടുപുഴയിലേയ്ക്ക് എത്തുന്ന ബസുകള്‍ നഗരത്തിലെ വിവിധ സ്റ്റോപ്പുകളില്‍ യാത്രക്കാരെ ഇറക്കി തിരികെ ബസ് സ്റ്റാന്‍ഡില്‍ എത്തണമെന്ന നിബന്ധനയാണ് പല സ്വകാര്യ ബസുകളും പാലിക്കാതിരിക്കുന്നത്.

 പാലാ റൂട്ടില്‍ നിന്നും എത്തുന്ന ബസുകള്‍ സ്റ്റാന്‍ഡിലെത്തുന്നതിനു മുമ്പ് ആശിര്‍വാദ് തിയേറ്ററിനു മുന്നിലൂടെയുള്ള റോഡ് വഴി കോതായിക്കുന്നിലെത്തി ബസ് സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതോടെ യാത്രക്കാര്‍ ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങാന്‍ നിര്‍ബന്ധിതരാകുകയാണ്. പിന്നീട് ടൗണിലെ വിവിധ ഭാഗങ്ങളില്‍ എത്തണമെങ്കില്‍ ഓട്ടോയിലോ ബസിലോ പോകാന്‍ വീണ്ടും പണം മുടക്കണമെന്ന സ്ഥിതിയാണ്. തൊടുപുഴയിലേയ്‌ക്കെത്തുന്ന ബസുകള്‍ സ്റ്റാന്‍ഡിനു മുന്നില്‍ യാത്രക്കാരെ ഇറക്കിയ ശേഷം ധന്വന്തരി ജംഗ്ഷന്‍, ഗാന്ധി സ്‌ക്വയര്‍, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ എത്തി കോതായിക്കുന്ന് ബൈപാസ് വഴി തിരികെ സ്റ്റാന്‍ഡില്‍ എത്തണമെന്നാണ് നിര്‍ദേശം. ഇങ്ങനെ വന്നാല്‍ ഈ സ്റ്റോപ്പുകളില്‍ ഇറങ്ങേണ്ട യാത്രക്കാര്‍ക്ക് ഓട്ടോയിലും മറ്റും കയറാതെ ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ എത്താന്‍ കഴിയും. എന്നാല്‍ ഭൂരിപക്ഷം സ്വകാര്യ ബസുകളും ടൗണിലേക്കെത്താതെ സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതു മൂലം സമയനഷ്ടവും പണ നഷ്ടവും ഉണ്ടാകുന്നതായി യാത്രക്കാര്‍ പറയുന്നു. അതിനാല്‍ പാലാ ഭാഗത്തു നിന്നെത്തുന്ന ബസുകള്‍ ടൗണിലേക്കെത്തുന്നതിനു വേണ്ട നടപടി അധികൃതര്‍ അടിയന്തരമായി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

 ഇതിനു പുറമെ മൂലമറ്റം ഭാഗത്തു നിന്നെത്തുന്ന ബസുകളും ടൗണിലേക്കെത്താതെ മോര്‍ ജംഗ്ഷന്‍ വഴിയാണ് കോതായിക്കുന്ന് ബസ് സ്റ്റാന്‍ഡിലേയ്ക്ക് പോകുന്നത്. ഈ ബസുകളും ഗാന്ധി സ്‌ക്വയര്‍ വഴി  നഗരത്തിലെത്തിയ ശേഷം ബസ് സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിക്കണമെന്ന് നേരത്തെ ഗതാഗത ഉപദേശക സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ യാത്രക്കാരുടെ ഈ ആവശ്യവും നടപ്പായില്ല. നഗരത്തിലെ ട്രാഫിക് പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് പതിവായി ചേരേണ്ട ഗതാഗത ഉപദേശക സമിതി യോഗം കാലങ്ങളായി കൂടുന്നു പോലുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here