തൊടുപുഴ: കാഞ്ഞിരമറ്റം ശ്രീ മഹാദേവക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന ഭക്തരുടെ സൗകര്യാർത്ഥം ദർശനത്തിനും വഴിപാടുകൾക്കും പിതൃബലി തർപ്പണത്തിനുമായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ക്ഷേത്രം മേൽശാന്തി ദിലീപ് വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ വൈദികവും ആചാരപരവുമായ ചടങ്ങുകളോടെയും വിവിധ കലാപരിപാടികളോടെയുമാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്.

ചടങ്ങുകളുടെ ഭാഗമായി ഫെബ്രുവരി 25 ന് ചൊവ്വാഴ്‌ച്ച വൈകിട്ട് 8 മണിക്ക് കാവടി നിറയ്ക്കൽ ചടങ്ങും കാവടി പൂജയും നടക്കും. തുടർന്ന് തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്ക് കാവടികൾ പുറപ്പെടും.

മഹാശിവരാത്രി ദിവസമായ ഫെബ്രുവരി 26 ന് ബുധനാഴ്ച രാവിലെ 8.30 ന് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും കാവടി ഘോഷയാത്ര ആരംഭിക്കും. ആട്ടക്കാവടികളും പാണ്ടിമേളവും പഞ്ചാരിമേളവും ഘോഷയാത്രയ്ക്ക് അകമ്പടിയേകും. 11.30 ന് ക്ഷേത്രത്തിൽ കാവടി അഭിഷേകച്ചടങ്ങുകൾ നടക്കും. ഉച്ചയ്ക്ക് 12 മണി മുതൽ ഗൗരീശങ്കരം ഊട്ടുപുരയിൽ മഹാപ്രസാദമൂട്ട് ആരംഭിക്കും. വൈകിട്ട് 5 മണിക്ക് ക്ഷേത്രക്കടവിലെ ശ്രീ മൂകാംബി സന്നിധിയിൽ നിന്നും ഭസ്മക്കാവടി ഘോഷയാത്ര ആരംഭിക്കും. വാദ്യകലാ പ്രമാണി കാഞ്ഞിരമറ്റം ശ്രീക്കുട്ടൻ മാരാരുടെ പ്രമാണത്തിൽ സ്പെഷ്യൽ പാണ്ടിമേളവും നടക്കും. 6.15 ന് ഭസ്മക്കാവടി അഭിഷേകവും 6.30 ന് വിശേഷാൽ ദീപാരാധനയും നടക്കും. ഏഴുമണിക്ക് വേദിയിൽ കുമാരി ശരണ്യ ഷണ്മുഖം ,കൊട്ടാരക്കര ആദ്ധ്യാത്മിക പ്രഭാഷണം നടത്തും. രാത്രി 9 മുതൽ പ്രശസ്‌ത സംഗീതസംവിധായകൻ ടി എസ് രാധാകൃഷ്ണജി നയിക്കുന്ന “ഭക്തിഗാന തരംഗിണി” വേദിയിൽ അരങ്ങേറും. 11 45ന് ഉടുമ്പന്നൂർ ചിലങ്ക സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന “ശിവതാണ്ഡവം ” നൃത്തരൂപം നടക്കും.

12 മണിമുതൽ ശിവരാത്രി വിളക്ക് ആരംഭിക്കും. 12 മണിമുതൽ ക്ഷേത്രക്കടവിൽ ബലിതർപ്പണത്തിന്റെ ചടങ്ങുകളും ആരംഭിക്കും. രാത്രി 2 മണി മുതൽ ഹരിപ്പാട് നവദർശന അവതരിപ്പിക്കുന്ന നൃത്തനാടകം “ശിവകാമി ” വേദിയിൽ അരങ്ങേറും.

മഹാശിവരാത്രി നാളിൽ ദർശനത്തിലെത്തുന്ന ഭക്തജനങ്ങൾക്കായി പ്രത്യേക വഴിപാട് കൗണ്ടറുകളും നെൽപ്പറയും എള്ളു പറയും സമർപ്പിക്കുന്നതിനുള്ള സൗകര്യവും ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. മഹാശിവരാത്രി നാളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് മാരിക്കലുങ്ക് ഭാഗത്ത് പുതിയ റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

മാർച്ച് 1 മുതൽ 8 വരെയാണ് ഈ വർഷത്തെ തിരുവുത്സവം നടക്കുന്നത്. മാർച്ച് ഒന്നിന് രാത്രി എട്ടുമണിക്ക് ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട മണക്കാട് പരമേശ്വരൻ നമ്പൂതിരിയുടെ കർമികത്വത്തിൽ തൃക്കൊടിയേറ്റ് ചടങ്ങുകൾ നടക്കും. 8 15 മുതൽ മേൽപുറപ്പുഴ ഗൗരീശങ്കരം NSS വനിതാ സമാജം അവതരിപ്പിക്കുന്ന തിരുവാതിരയും 8 30 മുതൽ ശിവപാർവ്വതി സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്തസന്ധ്യയും വേദിയിൽ അരങ്ങേറും.

രണ്ടാം ദിവസം മുതൽ എല്ലാ ദിവസവും രാവിലെ 4.30 ന് പള്ളിയുണർത്തലോടുകൂടി വൈദികമായ ചടങ്ങുകൾ ആരംഭിക്കും. വൈകിട്ട് 6.30ന് ദീപാരാധന നടക്കും. മാർച്ച് രണ്ടിന് വൈകിട്ട് 6.45 ന് കാഞ്ഞിരമറ്റം ഉമാമഹേശ്വര തിരുവാതിരസംഘം അവതരിപ്പിക്കുന്ന തിരുവാതിരയും തുടർന്ന് സ്വരലയ നൃത്തസംഗീത കലാലയം അവതരിപ്പിക്കുന്ന കീർത്തനസന്ധ്യയും നടക്കും.

മൂന്നാം ദിവസം ( മാർച്ച് 3) വൈകിട്ട് 6.45 ന് തൊടുപുഴ ധ്വനി വിമൻസ് ഫോറം അവതരിപ്പിക്കുന്ന തിരുവാതിരയും കലാത്മിക സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും വേദിയിൽ നടക്കും.

മാർച്ച് നാലാം തീയതി വൈകിട്ട് ശ്രീരുദ്ര തിരുവാതിര സംഘം അവതരിപ്പിക്കുന്ന തിരുവാതിരയും മൂവാറ്റുപുഴ ശ്രാവൺ വോയ്സ് അവതരിപ്പിക്കുന്ന ഭക്തിഗാനസുധയും അരങ്ങേറും.

അഞ്ചാം ഉത്സവദിനമായ മാർച്ച് 5 ന് വൈകിട്ട് ശിവഗൗരി തിരുവാതിര സംഘത്തിൻറെ തിരുവാതിര, മൂവാറ്റുപുഴ നാട്യാലയ സ്കൂൾ ഓഫ് ഡാൻസ് & മ്യൂസിക് അവതരിപ്പിക്കുന്ന സംഗീതാർച്ചന, കൃഷ്ണഗാത്രി, ശ്രാവന്തി മഞ്ജുഹാസൻ എന്നിവർ അവതരിപ്പിക്കുന്ന ഡാൻസ് എന്നിവ വേദിയിൽ അരങ്ങേറും.

ആറാം ദിവസമായ മാർച്ച് 6 ന് രാവിലെ 11 മണി മുതൽ തിരുവുത്സവത്തിന്റെ പ്രധാന ചടങ്ങുകളിൽ ഒന്നായ ഉത്സവ ബലിദർശനം നടക്കും. തുടർന്ന് പ്രസാദമൂട്ടും ഉണ്ടായിരിക്കുന്നതാണ്. വൈകിട്ട് 6 മുതൽ നെല്ലിക്കാവ് തിരുവാതിരസംഘത്തിന്റെ തിരുവാതിരയും ശിവപാർവതി സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന ഗാനസന്ധ്യയും 8.30 ന് ഉരിയരിക്കുന്ന് ശ്രീരുദ്ര അവതരിപ്പിക്കുന്ന കൈകൊട്ടിക്കളിയും നടക്കും.

ഏഴാം ഉത്സവദിനമായ മാർച്ച് ഏഴിന് വൈകിട്ട് 6.45 ന് വേദിയിൽ ചാക്യാർകൂത്ത് കുലപതി ഡോ. രാജൻ നമ്പ്യാർ അവതരിപ്പിക്കുന്ന ചാക്യാർകൂത്ത് നടക്കും. 8.45 ന് ശിവഗംഗ തിരുവാതിര സംഘത്തിൻറെ തിരുവാതിരയും അരങ്ങേറും.

ആറാട്ട് മഹോത്സവ ദിനമായ മാർച്ച് 8 ന് രാവിലെ 8 മണിക്ക് മുല്ലക്കൽ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് ആരംഭിക്കും. വൈകിട്ട് 4 30 ന് കാഴ്ച ശ്രീബലി നടക്കും. 6.45 ന് മൂവാറ്റുപുഴ നാദബ്രഹ്മം ഓർക്കസ്ട്രയുടെ ഭക്തിഗാനമേള അരങ്ങേറും. രാത്രി എട്ടുമണിക്ക് ആറാട്ടുകടവിലേക്കുള്ള എഴുന്നള്ളത്ത് ആരംഭിക്കും. 8.30 ന് ക്ഷേത്രക്കടവിൽ ആറാട്ട് ചടങ്ങുകൾ നടക്കും. 9.30 ന് അമ്പലം ജംഗ്ഷനിൽ എൻ.എസ് .എസ് കരയോഗം വക സ്വീകരണം നടക്കുന്നതാണ്. രാത്രി 11:30 മുതൽ തിരുമുമ്പിൽ പറവെയ്പും കൊടിയിറക്കൽ ചടങ്ങുകളും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here