
തൊടുപുഴ: ജില്ലയിലെ മണ്ണ് സാമ്പിളുകളില്‍ പി.എച്ച് മൂല്യം വര്‍ധിച്ച് വരുന്നതായി വിലയിരുത്തല്‍. പരിശോധിക്കാനെത്തുന്ന സാമ്പിളുകളില്‍ 87 ശതമാനവും അസിഡിക് സോയിലാണെന്ന് ജില്ലാ മണ്ണ് പരിശോധന ലബോറട്ടറി അധികൃതര്‍ പറഞ്ഞു. ഇത് കൃഷിക്ക് ഗുണകരമല്ല. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള അമിത മഴയും ജില്ലയിലെ ഭൂമിയുടെ ചായ്‌വും രാസവളത്തിന്റെ അമിത പ്രയോഗവുമാണ് കാരണം. അമ്ലത്വമേറിയ മണ്ണില്‍ സൂഷ്മമൂലകങ്ങളുടെ അളവ് വര്‍ധിക്കുമെങ്കിലും ചെടികള്‍ക്ക് കൂടുതല്‍ ആവശ്യമുള്ള നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ ലഭ്യത കുറയും. അമിത മഴമൂലം മേല്‍മണ്ണ് അധികവും ഒഴുകിപ്പോകുന്നുണ്ട്. കഴിഞ്ഞവര്‍ഷം വരെ സള്‍ഫറിന്റെ സാന്നിധ്യം പര്യാപ്തമായിരുന്നു. ഈ വര്‍ഷം 85 ശതമാനം സാമ്പിളുകളിലും സള്‍ഫര്‍ അപര്യാപ്തമാണ്. ഇത് ചെടികളില്‍ മഞ്ഞളിപ്പ് പോലുള്ള രോഗങ്ങള്‍ക്കിടയാക്കും. ചെടിയുടെ വളര്‍ച്ചയെ ബാധിക്കുന്ന ഫോസ്ഫറസ് 50ശതമാനം മണ്ണിലുമുണ്ട്. പ്രത്യുല്‍പാദനത്തിന് ആവശ്യമായ പൊട്ടാസ്യവും ആവശ്യത്തിന് മണ്ണിലുണ്ട്. വളര്‍ച്ചയ്ക്കും പച്ചപ്പിനും സഹായിക്കുന്ന ജൈവ കാര്‍ബണ്‍ 88 ശതമാനത്തിലേറെയുണ്ട്.
മണ്ണൊരുക്കാന്‍ സഹായം
ആരോഗ്യമുള്ള കാര്‍ഷിക വിളകള്‍ ലഭിക്കാന്‍ പോഷകങ്ങളും മൂലകങ്ങളും അടങ്ങിയ മണ്ണൊരുക്കാന്‍ കര്‍ഷകരെ സഹായിക്കുകയാണ് ജില്ലാ മണ്ണ് പരിശോധന ലബോറട്ടറി. കൃഷിഭൂമിയില്‍ നിന്ന് ശേഖരിക്കുന്ന മണ്ണ് സാമ്പിളുകളില്‍ വിവിധ പരിശോധനകളിലൂടെ കര്‍ഷകര്‍ക്ക് തുണയാകുകയാണിവിടം. 2024 ഏപ്രില്‍ മുതല്‍ ജനുവരി വരെ 12,765 സാമ്പിളുകളാണ് ലാബില്‍ ശേഖരിച്ചത്. 10,567 സാമ്പിളുകള്‍ പരിശോധിച്ചു. 9084 പരിശോധനാ ഫലം കര്‍ഷകര്‍ക്ക് നല്‍കി. മണ്ണിലെ 11 ഘടകങ്ങളാണ് ലാബില്‍ പരിശോധിക്കുകയെന്ന് ജില്ലാ ഓഫീസറും അസിസ്റ്റന്റ് സോയില്‍ കെമിസ്റ്റുമായ ശശിലേഖ രാഘവന്‍ പറഞ്ഞു. 2198 സാമ്പിളുകള്‍ പരിശോധനാ ഘട്ടത്തിലാണ്. വേണ്ടത്ര രേഖകളില്ലാത്തതിനാല്‍ 469 എണ്ണം നിരസിച്ചു. കൃഷിക്ക് ആവശ്യമുള്ള ജലപരിശോധന, കൃഷിഭവനില്‍ നിന്നും കര്‍ഷകര്‍ക്ക് ലഭ്യമാക്കാനുള്ള കുമ്മായ വസ്തുക്കളുടെ നിര്‍വീര്യഘടകം എന്നിവയും പരിശോധിക്കും. സഞ്ചരിക്കുന്ന മണ്ണ് പരിശോധന വാഹന സംവിധാനവുമുണ്ട്.
മണ്ണെടുക്കുമ്പോള്‍ ശ്രദ്ധിക്കണം
പരിശോധനയ്ക്കായി കൃഷി ഭൂമിയില്‍നിന്ന് മണ്ണ് ശേഖരിക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്യണം. പരിശോധനാ ഫലം സാമ്പിളിനെ ആശ്രയിച്ചിരിക്കും. ഭൂമിയുടെ എട്ട് മുതല്‍ 10 ഇടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മണ്ണാണ് എത്തിക്കേണ്ടത്. ശേഖരിച്ച് ലാബില്‍ എത്തിക്കുന്നതുവരെ പരിപാലനം കൃത്യമായിരിക്കണം. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കൃഷിഭവനുകള്‍ മുഖേന കര്‍ഷകരിലേക്ക് എത്തിക്കുന്നുണ്ട്.
ദേശീയ അംഗീകാരത്തിന്റെ നിറവില്‍
കഴിഞ്ഞ ആഴ്ചയാണ് ലബോറട്ടറിക്ക് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റ് ആന്‍ഡ് കാലിബറേഷന്‍ ലബോറട്ടറീസിന്റെ അംഗീകാരം ലഭിച്ചത്. സംസ്ഥാന കൃഷിവകുപ്പിന് കീഴില്‍ 1982ലാണ് ജില്ലാ മണ്ണ് പരിശോധന കേന്ദ്രം സ്ഥാപിച്ചത്. ആദ്യഘട്ടത്തില്‍ മുതലക്കോടത്തായിരുന്നു പ്രവര്‍ത്തനം. പിന്നീട് അരിക്കുഴയിലെ ജില്ലാ കൃഷിത്തോട്ടത്തിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു.



